Saturday, 25 June 2011

പുഴയ്ക്ക് ദാഹിക്കുന്നു

   ഘോരതാപം ഉടലേറ്റുവാങ്ങി ആര്‍ത്ത -
നാദങ്ങള്‍ പോലുമേ കേള്‍ക്കാത്ത മാത്രയായ്‌ 
വരളുമധരം നനയ്ക്കുവാനില്ലൊരു തുള്ളിയും 
തുള്ളിയായൂറുന്ന കണ്ണുനീര്‍പോലും 
ആര്‍ത്തിയാലാരൊക്കെയോ ചേര്‍ന്നു ചൂഴ്ന്നെടു-
ത്തെന്റെ കരളും ഹൃദയവും തുടയിലെ മാംസവും
കരയുവാനായ്‌ കണ്കളും വിലപിക്കുവാനായ്‌ നാവും 
വേദനിക്കാനായെന്റെ  മനസ്സും മാത്രം ബാക്കി
ഇന്നെലെകളില്‍ ശുദ്ധതീര്‍ഥമായൊഴുകി ഞാനെ-
ന്റെ കരയിലെ ജീവന്റെ ഉയിര്‍പ്പിന്നുവേണ്ടി
ഇന്നുഞാന്‍ മൃതിയോടേറ്റുമുട്ടീടുന്നു
നാളുകളേറേ നീണ്ട തഴുകലിന്‍ കരുത്തിനാല്‍
ഞാന്‍ തീര്‍ത്ത തരികളെ -എന്റെ ജീവന്റെ തുടിപ്പിനെ
കറുത്ത  കരങ്ങളാല്‍-വിഷം വമിക്കും മനസ്സിനാല്‍
ചുരണ്ടിയെടുത്തു രുദ്രപൈശാചികശക്തികള്‍
ഇരുളിന്‍ മറവിലും വെള്ളികാശിന്റെ മറയിലും
പതുങ്ങിയെത്തീയവര്‍ ഭയം വിതയ്ക്കുമട്ടഹാസത്തോടെ
ബാക്കിയുള്ളോരീയെന്റെ മനസ്സും ചൂഴ്ന്നെടുക്കാന്‍
പകര്‍ന്നു നല്കുമാരെനിക്കൊരിറ്റു ഗംഗാജലം.

1 comment: