Monday 12 September 2011

മരണത്തെ പ്രണയിച്ച കൂട്ടുകാരന്‍

   

      ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌  ഒരു ദിവസം തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഇന്‍ക്വസ്റ്റ്‌  തയ്യാറാക്കുന്ന നിയമപാലകരെ സഹായിക്കാനായി മൃതദേഹത്തിനടുത്തെത്തിയപ്പോഴും വിശ്വസിക്കാന്‍  കഴിഞ്ഞിരുന്നില്ല  ഞങ്ങളുടെ ചിരിക്കുടുക്ക മരിച്ചുവെന്ന്.[എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന  പ്രകൃതമായതിനാല്‍ സുനിലിനെ ഞങ്ങള്‍ ചിരിക്കുടുക്ക എന്നാണു വിളിച്ചിരുന്നത് ]
   അന്നത്തെ ദിവസം അടുത്തുള്ള ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരുമിച്ച് പോകാമെന്ന് പ്ലാനിട്ടു  തലേദിവസം വയ്കുന്നേരം പിരിഞ്ഞതാണ്  അപ്പോഴും അവന്‍ സാധാരണപോലെ  ഉല്ലാസവാനായിരുന്നു  .
  എന്നിട്ടും എന്തിനായിരുന്നു അവന്‍ ? അറിയില്ല ...
സ്വയം മരണത്തിന്റെ തേരിലേറി യാത്ര പോകുന്നവര്‍ ആരോടും ഒന്നും പറയാതെ പോകുമ്പോള്‍ എന്തിനെന്ന കാരണം കണ്ടത്തേണ്ട ബാധ്യത അവരെ സ്നേഹിക്കുന്നവര്‍ക്കായിതീരുന്നു .
  എത്ര ശ്രമിച്ചിട്ടും ഉത്തരം ലഭിക്കാത്ത ഒരു പ്രഹേളിക പോലെ  ഞങ്ങളുടെ ചിരിക്കുടുടുക്ക ഇന്നും ഒരു നൊമ്പരമായി  നിലനില്‍ക്കുകയാണ്.
  സ്വര്‍ണപണിക്കാരനായ ഞങ്ങളുടെ കൂട്ടുകാരന്‍ അനിലിനോട്  സയിനേട് കൊണ്ടുതരാമോ എന്ന് ഇടയ്ക്കിടെ ചോദിക്കാറുണ്ടായിരുന്നത്  മരണത്തെ പുല്കാനുള്ള അവന്റെ വ്യഗ്രതയായിരിക്കണം പക്ഷെ അന്നൊന്നും അതാര്‍ക്കും മനസ്സിലായിരുന്നില്ല .
  എപ്പോഴും ചിരിക്കാന്‍ ഇഷ്ടപെട്ടിരുന്ന അവന്‍ ആകാശത്തിനപ്പുറതുള്ള   താരാഗണങ്ങളിലൊന്നായി  ഭൂമിയെ നോക്കി ചിരിക്കുന്നുണ്ടായിരിക്കാം ....


Saturday 25 June 2011

പുഴയ്ക്ക് ദാഹിക്കുന്നു

   ഘോരതാപം ഉടലേറ്റുവാങ്ങി ആര്‍ത്ത -
നാദങ്ങള്‍ പോലുമേ കേള്‍ക്കാത്ത മാത്രയായ്‌ 
വരളുമധരം നനയ്ക്കുവാനില്ലൊരു തുള്ളിയും 
തുള്ളിയായൂറുന്ന കണ്ണുനീര്‍പോലും 
ആര്‍ത്തിയാലാരൊക്കെയോ ചേര്‍ന്നു ചൂഴ്ന്നെടു-
ത്തെന്റെ കരളും ഹൃദയവും തുടയിലെ മാംസവും
കരയുവാനായ്‌ കണ്കളും വിലപിക്കുവാനായ്‌ നാവും 
വേദനിക്കാനായെന്റെ  മനസ്സും മാത്രം ബാക്കി
ഇന്നെലെകളില്‍ ശുദ്ധതീര്‍ഥമായൊഴുകി ഞാനെ-
ന്റെ കരയിലെ ജീവന്റെ ഉയിര്‍പ്പിന്നുവേണ്ടി
ഇന്നുഞാന്‍ മൃതിയോടേറ്റുമുട്ടീടുന്നു
നാളുകളേറേ നീണ്ട തഴുകലിന്‍ കരുത്തിനാല്‍
ഞാന്‍ തീര്‍ത്ത തരികളെ -എന്റെ ജീവന്റെ തുടിപ്പിനെ
കറുത്ത  കരങ്ങളാല്‍-വിഷം വമിക്കും മനസ്സിനാല്‍
ചുരണ്ടിയെടുത്തു രുദ്രപൈശാചികശക്തികള്‍
ഇരുളിന്‍ മറവിലും വെള്ളികാശിന്റെ മറയിലും
പതുങ്ങിയെത്തീയവര്‍ ഭയം വിതയ്ക്കുമട്ടഹാസത്തോടെ
ബാക്കിയുള്ളോരീയെന്റെ മനസ്സും ചൂഴ്ന്നെടുക്കാന്‍
പകര്‍ന്നു നല്കുമാരെനിക്കൊരിറ്റു ഗംഗാജലം.

Monday 20 June 2011

ചാത്തനേറും ഒരു പെണ്‍കുട്ടിയും

    ഇതൊരു സാങ്കല്പികകഥയല്ല ഇതിലെ പാത്രങ്ങളും സാങ്കല്‍പ്പികമല്ല ഇതിലുള്‍പെട്ടവരാരും ഈ ബ്ലോഗ്‌ വായിക്കില്ലെന്ന വിശ്വാസത്തോടെ ഈ കുറിപ്പിവിടെ പ്രസിദ്ധീകരിക്കുന്നു 




     ഞാന്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന കാലം ഒരു മധ്യവേനലവധികാലത്താണെന്നു തോന്നുന്നു എന്റെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ ആ വീടിനെക്കുറിച്ച് പറഞ്ഞാല്‍ കുറച്ച് പഴയ രണ്ടുനില ഓടിട്ട വീടാണ് മുറ്റത്തോട്ചേര്‍ന്ന് പൂര്‍വികരുടെ രണ്ടു ഭണ്ടാരതറ തുളസിക്കാട് ഒരുതരം ഇരുണ്ട പ്രകാശം ദ്യോതിപ്പിക്കുന്ന അന്ധരീക്ഷം ആകെക്കൂടി ഒരു പ്രേതഭവനത്തിന്റെ ദൃശ്യരൂപമാണതിന്
   വൃദ്ധയായ  ചിരുതേടത്തിയും അവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകള്‍ പാര്‍ത്യേച്ചിയും മറ്റൊരു മകളായ ജാനകിയേച്ചിയും അവരുടെ മൂന്നു കൊച്ചു കുട്ടികളുമാണ് അവിടെ താമസം 
   ഇനി ഞാന്‍ കഥയിലേക്ക് വരാം ആ മധ്യവേനലവധിക്കാലത്ത് ചിരുതേടതിയുടെ മറൊരു മകളുടെ മകളായ നമ്മുടെ കഥാനായിക തന്റെ അമ്മവീടിലേക്ക് താമസിക്കാന്‍ വരികയാണ് സജിന എന്നോ മറ്റോ ആണെന്ന് തോന്നുന്നു അവളുടെ പേര് കൃത്യമായി ഓര്‍മയില്ല 
    അല്ലെങ്കിലും ഷേക്സ്പിയറണ്ണന്റെ കൊച്ചുസുന്ദരി പറഞ്ഞതുപോലെ "ഒരു പേരിലെന്തിരിക്കുന്നു"അല്ലെ ?
എന്തായാലും  അവള്‍ക്ക് ഏകദേശം പതിമൂന്നു പതിനാല്  വയസ്സ് കാണും 
   കുട്ടികളെ അംഗന്‍വാടിയില്‍ കൊണ്ടുവിട്ടും കളിയും ചിരിയുമായി നടക്കുന്നതിനിടയില്‍ ഒരുദിവസം എന്തോ കണ്ടുഭയപ്പെട്ടതുപോലെ അസ്വസ്ഥതകള്‍ കാട്ടാന്‍ തുടങ്ങി മന്ത്രിചൂതല്‍ ചരടുകെട്ട് തുടങ്ങി അല്ലറ ചില്ലറ പരിപാടികളിലൊന്നും സംഗതി ഒതുങ്ങിയില്ല
   പിറ്റേദിവസമാണ് സംഭവപരമ്പരകളുടെ തുടക്കം 
"ടപ്പേ"
രാവിലെതന്നെ മേല്‍ക്കൂരയിലെ ഓടിനുമുകളില്‍ ശക്തിയായി എന്തോ വീഴുന്ന ശബ്ദം കേട്ട് ഞെട്ടി. പുറത്തുവന്നുനോക്കിയപ്പോള്‍ ദാ മുറ്റത്ത്‌ കിടക്കുന്നു പൊതിച്ച നാളികേരത്തിന്റെ വലിപ്പമുള്ള കല്ല്‌ 
   പുരപുറത്ത്‌ കല്ലെടുത്തെറിഞ്ഞ ശത്രുവിനെ കാണാതെ തന്നെ അയാള്‍ക്കെതിരെ സുവിശേഷവും പറഞ്ഞുകൊണ്ട് മുറ്റത്തുനിന്നു കല്ലെടുത്ത്‌ തൊടിയിലെക്കിട്ടു തിരിച്ചു കയറുമ്പോള്‍ "ടപ്പേ "വീണ്ടും ഞെട്ടി മുറ്റത്തതാ മുന്‍പത്തെക്കാളും വലിപ്പമുള്ള മറ്റൊരെണ്ണം 
  എന്നാലിതൊന്നു കണ്ടുപിടിച്ചിട്ടുതന്നെ കാര്യം 
ജാനകി യേച്ചി വീടിനു ചുറ്റും നടന്നു നോക്കി ആരുമില്ല 
 അല്പം കഴിഞ്ഞപ്പോളതാ  മറ്റൊരെണ്ണം 
പിന്നീട്  ഇടവിട്ടിടവിട്ട് കല്ല്‌ വീഴലോട്വീഴ്ചതന്നെ 
അത്ഭുതമതല്ല ഇത്രയും ശബ്ധത്തില്‍ വലിപ്പമുള്ള കല്ല്‌ വീണിട്ടും ഒരു ഓട് പോലും പൊട്ടിയിട്ടുമില്ല  ;
  കണ്ടവരെല്ലാം ഉറപ്പിച്ചുപറഞ്ഞു ചാത്തനേറ് തന്നെ 
തലേദിവസത്തെ കുട്ടിയുടെ ഭയപ്പാടും പനിയുമെല്ലാംകൂട്ടിച്ചേര്‍ത്തുവായിച്ചപ്പോള്‍ സംഗതി ക്ളീന്‍
വാര്‍ത്ത  ഗ്രാമാതിര്‍ത്തികടന്നു അയല്‍നാട്ടിലുമെത്തി ചാത്തനേറ്‌കാണാന്‍ കാത്തുനിന്നവരുടെ മുന്നില്‍ ചാത്തന്‍ തന്റെ കലാപരിപാടി തുടര്ന്നുകൊണ്ടേയിരുന്നു കേട്ട്പരിചയം മാത്രമുള്ള ചാത്തനേറ് നേരില്‍ക്കണ്ട് പലരും മൂക്കത്ത്‌ വിരല്‍വച്ചു അത്ഭുതപെട്ടുനിന്നു. 
  ബട്ടന്‍ പൊട്ടിയ നിക്കരുമിട്ട് വണ്ടിയുരുട്ടികളിക്കാനുള്ള സൈക്കില്‍ അവിടെ ചുറ്റിത്തിരിഞ്ഞ് ഞാനും ഇതെല്ലം കാണുന്നുണ്ട്
  അതിനിടയില്‍ ആരോ മഹത്തായൊരു കണ്ടുപിടുത്തം നടത്തി 
വീടിന്റെ പിന്‍വശത്ത് ആള്‍ക്കാരുള്ളപ്പോള്‍ ചാത്തന് കല്ലെറിയാന്‍ കഴിയില്ല   അത് 
അവിടെയെല്ലാം പരിശോധനനടത്തിയ നാടന്‍ യുക്തിവാദികള്ക്കൊന്നും സംഭവത്തിന്റെ ശാസ്ത്രീയവശം വിശദീകരിക്കാന്‍ കഴിയാതെ കുഴങ്ങി 
 വരുന്നവര്‍ ഓരോരുത്തരും തങ്ങളുടെതായരീതിയില്‍ ഓരോ പരീക്ഷണങ്ങള്‍ നടത്തിനോക്കി
വീട്ടുകാരാവ്ട്ടെ ഈ ശല്യം ഒഴിവാക്കാന്‍ ജോത്സ്യന്‍, നാടന്‍ മന്ത്രവാദി തുടങ്ങിയവരുടെയൊക്കെ കലാപരിപാടികള്‍ സ്വീകരിച്ചുനോക്കി 
 നോ രക്ഷ 
ഒരു ദിവസം ഞാന്‍ മറ്റൊരു രഹസ്യം കേട്ടു ഞങ്ങളുടെ മറ്റൊരയല്‍ക്കാരിയായ ദേവകിവല്യമ്മയാണത് പറഞ്ഞത് 
"അതേയ് ആ കണാരേട്ടന്‍ മരിച്ചപ്പോള്‍ കര്‍മങ്ങളോന്നും വേണ്ടപോലെ ചെയ്തില്ല അതിന്റെ ദോഷം ഇല്ലാണ്ടിരിക്ക്വോ?"
  ഇടയ്ക്ക് ചില ദിവസങ്ങളില്‍ വീഴുന്ന കല്ലിന്റെ എണ്ണം കൂടിയും കുറഞ്ഞുമൊക്കെയിരുന്നു സംഭവം തുടങ്ങിയിട്ട് പതിനഞ്ചുദിവസമായി 
   പെട്ടന്നൊരുദിവസം ചാത്തന്‍ പിടിയിലായി 
ആള്‍ക്കാരുണരുന്നതിനുമുംപേ വീടിന്റെ പുറകിലെ തൊടിയിലുള്ള കുരുമുളകുവള്ളിയുടെ പിറകില്‍ ഒളിച്ചുനിന്ന സുരൂട്ടിയേട്ടനെ പാവം ചാത്തന്‍ കണ്ടില്ല 
അല്പസമയം കഴിഞ്ഞപ്പോള്‍ ഫുള്‍പാവാടയും ബ്ലൌസുമിട്ട ചാത്തന്‍ ഇറങ്ങിവന്ന് പതുക്കെ കുനിഞ്ഞിരുന്ന് ഒരു കല്ലെടുത്ത്എറിയാന്‍ തുടങ്ങുമ്പോള്‍ കുരുമുളക്ചെടിക്ക് പിന്നില്‍ നിന്നും സുരൂട്ടിയേട്ടന്‍  ചാടിയിറങ്ങി പറഞ്ഞു 
 ' നില്‍ക്കെടി അവിടെ "
ചാത്തന്‍ അല്ല ചാത്തി ഞെട്ടി
പേടിച്ച് ഓടാന്‍ പോലും കഴിയാതിരുന്ന ചാത്തനെ തൊണ്ടിയോടെ പിടികൂടി 
  ഏറു വരുന്നതും പ്രതീക്ഷിച്ചുനില്‍ക്കുന്നവരുടെ മുന്നില്‍ കൊണ്ട് നിര്‍ത്തി ആളെ കണ്ടു വീടുകാര്‍ പോലുംഅന്തം വിട്ടുനിന്നു 
  പേടിച്ച് പനിവന്ന നമ്മുടെ കൌമാരകാരിയായ കഥാനായിക 
അങ്ങനെ രണ്ടാഴ്ച നീണ്ടുനിന്ന ചാത്തനേറ് പര്‍വ്വം അവസാനിച്ചു.


 

Thursday 16 June 2011

ഒരു നൊമ്പരം

                                                                  സമര്‍പ്പണം


 കാലമേറെ കാത്തിരുന്നൊരന്തിക്കിളി കനവുകളാലൊരു കൂടുകെട്ടി
നാരുകള്‍ ചെത്തിമിനുക്കിയടുക്കി തൂവലാല്‍ ചാരുതയേകീ കിളി
നാളെ ഞാന്‍ മുട്ടകളിട്ടുവയ്ക്കും എന്റെ കൂട്ടുകാരന്‍ വന്നു കൂട്ടിരിക്കും
മുട്ടവിരിഞ്ഞെന്റെ സ്വപ്‌നങ്ങള്‍ പോലെവെ കുഞ്ഞുങ്ങളപ്പോളുണെര്‍ന്നെണീക്കും
അമ്മയെന്നാദ്യത്തെ കൊഞ്ചല്‍കേട്ടീടുമ്പൊള്‍ ചിത്തത്തില്‍ നിര്‍വൃതി -
നൃത്തമാടും
തത്തിപറന്നും പാടിയും തേടിയും കാലത്തെ ഞാനെന്റെ പാട്ടിലാക്കും
കനവുകള്‍ക്കപ്പുറം കാലം വരച്ചിട്ട കളികളുണ്ടെത്രയുമേറെയേറെ
രാകിമിനുക്കിയോരമ്പുമായ്‌ നില്‍ക്കുന്ന വേടനെയാക്കിളി കണ്ടതില്ല
സ്വപ്നത്തിനല്‍ കൂടൊരുക്കുന്നരാകിളിയപ്പോള്‍ ക്രൂരന്റെയമ്പേറ്റുവീണുപോയി
അലറിവിളിച്ചുകരഞ്ഞുവപ്പോള്‍ കിളി ആരുമേയാവിളി കേട്ടതില്ല
'മാനിഷാദാ' എന്നുചൊല്ലി തടുക്കുവാന്‍ മാമുനിമാരില്ലയീയുഗത്തില്‍
കണ്ടവര്‍ കാണാത്തപോലെയകന്നുപോയ്‌ പിന്നെ വന്നിട്ടവര്‍ ന്യായമോതി
കണ്ടവര്‍ കാണാത്തപോലെയകന്നുപോയ്‌ പിന്നെ വന്നിട്ടവര്‍ ന്യായമോതി ;;

Sunday 12 June 2011

കവിത

     അഞ്ജനം ചാര്‍ത്തിയ മിഴിയിണയാലൊരു പൂവിതളെന്‍
  നേര്‍ക്കെരിഞ്ഞുതരൂ 
  മധുകണമൂറുമാ അധരപുടങ്ങളാലെന്‍നെറ്റിയില്‍ 
  ചിത്രമെഴുതിവയ്ക്കു 
  തേനും വയന്പും ചാലിച്ച വാക്കിനാല്‍ 
  കര്‍ണാമൃതം നീ പകര്‍ന്നുതരൂ 
  മൃദുസ്പര്‍ശമേല്ക്കുവാന്‍ കൊതിക്കുമെന്നുടലിനെ
  താമരവിരലിനാല്‍ തഴുകുകില്ലേ
  ആരോട് ചൊല്ലേണ്ടു ഞാനീപദങ്ങളെ മൂകാര്‍ദ്രസന്ധ്യക്ക് 
  കൂട്ടിരിക്കുമ്പോള്‍
  വെള്ളിക്കിരണങ്ങള്‍ ഉള്ളിലൊതുക്കി പൊന്‍ -
  ചന്ദ്രിക പോലുമണയാന്‍ മടിക്കുമ്പോള്‍
  ആരണ്യകങ്ങളിലാലോലവായു പകര്‍ന്നു -
  കൊടുത്തോരാരവവും 
  കരളില്‍പ്പകര്‍ന്നു  കടന്നെത്തുമെന്സഖീ-
  കവിതേ നിന്നെ ഞാന്‍ കാത്തിരിപ്പൂ
 
 

Tuesday 7 June 2011

കിനാവുകള്‍

ഇരുളിന്റെ ആഴത്തിലേക്ക് ഊര്‍ന്നിറങ്ങി ഉള്ളിലെ വെളിച്ചത്തില്‍ നിഴല്‍ചിത്രങ്ങള്‍ക്ക് വര്‍ണ്ണം ചാര്‍ത്തി ഞാനറിയാത്ത സങ്കല്പ്പങ്ങളിലൂടെ ഒഴുകി ഒഴുകി അങ്ങനെ അങ്ങനെ .................
    അനുഭൂതികളുടെ ഓളപരപ്പിലൂടെ ..

ഞാന്‍

ശരീരവും മനസ്സും ബുദ്ധിയും അല്ലാത്ത ബോധമാണ് കര്‍മകാണ്ഡങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് മോക്ഷപ്രാപ്തിയാകുന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടരുന്നവനാണ് ഞാന്‍ ഇതാ ഈ വഴിയിലൂടെ ഏകാകിയായി